ശ്രേയസിന്റെ സെഞ്ച്വറി, ഇഷാന്റെ തകര്‍പ്പന്‍ ബാറ്റിങ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 45.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി മറികടന്നു. ശ്രേയസ് അയ്യർ നേടിയ സെഞ്ച്വറിയും ഇഷാൻ കിഷന്റെ ഉജ്ജ്വല ബാറ്റിങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഏഴ് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി.

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 48 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ക്യാപ്റ്റൻ 20 പന്തിൽ 13 റൺസുമായി പുറത്തായി. ശുഭ്മാൻ ഗിൽ 26 പന്തിൽ 28 റൺസുമായി മടങ്ങി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇഷാൻ കിഷൻ- ശ്രേയസ് അയ്യർ സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. ബൗളർമാർക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു ഇരുവരും കളം നിറഞ്ഞത്.

ഇഷാനായിരുന്നു ആക്രമിച്ച് കളിച്ചത്. കന്നി ഏകദിന സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായത് മാത്രമാണ് താരത്തിന് നിരാശയായത്. ഏഴ് സിക്‌സും നാല് ഫോറും സഹിതം താരം 84 പന്തിൽ 93 റൺസെടുത്ത് പുറത്തായി. അർഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്.

ഏകദിനത്തിലെ രണ്ടാം സസെഞ്ച്വറിയാണ് ശ്രേയസ് കുറിച്ചത്. പുറത്താകാതെ
111 പന്തുകൾ നേരിട്ട് 15 ഫോറുകൾ സഹിതം 113 റൺസാണ് ശ്രേയസ് നേടിയത്. ശ്രേയസിനൊപ്പം മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ നിന്നു. 36 പന്തിൽ ഒരു ഫോറും സിക്‌സും സഹിതം 30 റൺസാണ് സഞ്ജു കണ്ടെത്തിയത്.

ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകൾ ബ്യോൺ ഫോർട്യുൻ, വെയ്ൻ പാർനൽ, കഗിസോ റബാഡ എന്നിവർ പങ്കിട്ടു.

ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസാണ് അവർ കണ്ടെത്തിയത്.

എയ്ഡൻ മാർക്രം, റീസ ഹെൻഡ്രിക്‌സ് എന്നിവരുടെ അർധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മാർക്രം 79 റൺസ് കണ്ടെത്തി. റീസ ഹെൻഡ്രിക്‌സ് 74 റൺസെടുത്തു.

ഡേവിഡ് മില്ലർ പുറത്താകാതെ 35 റൺസെടുത്തു. ഹെയ്ന്റിച് ക്ലാസൻ (30), ജന്നെമൻ മാലൻ (25) എന്നിവരും പിടിച്ചു നിന്നു.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ പിഴുതു. വാഷിങ്ടൻ സുന്ദർ, ഷെഹ്ബാസ് അഹ്മദ്, കുൽദീപ് യാദവ്, ശാർദുൽ ഠാക്കൂർ എന്നിവർ ഒരോ വിക്കറ്റുകൾ സ്വന്തമാക്കി.

Top