കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലായ്മയാണ്. ഈ സ്ഥിതിയില്‍ മുന്നോട്ട് പോകട്ടെയെന്ന നേതൃത്വത്തിന്റെ പിന്നോക്കം പോകുന്ന നിലപാടുകളില്‍ അണികളിലും രോഷം നിറയുകയാണ്.
ഒരു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. 2018 ഡിസംബറില്‍ കമല്‍നാഥ് മുഖ്യമന്ത്രിയായ ശേഷം ഇരു തസ്തികകളും അദ്ദേഹം വഹിച്ച് പോന്നു. ഈ വിഷയത്തില്‍ കമല്‍നാഥ് പലവട്ടം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടെങ്കിലും അന്തിമ തീരുമാനം ഉണ്ടായില്ല. ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
കഴിഞ്ഞ വര്‍ഷത്തെ ദേശീയ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മെയ് 25ന് വര്‍ക്കിംഗ് കമ്മിറ്റിക്ക് രാജി സമര്‍പ്പിച്ചെങ്കിലും രണ്ട് മാസത്തോളം ഇത് സ്വീകരിക്കണോ, വേണ്ടയോ എന്ന സംശയം നീണ്ടു. ആഗസ്റ്റ് 10ന് സിഡബ്യുസി സോണിയാ ഗാന്ധിയുടെ മുന്നില്‍ അഭയം തേടി. അവിടെ നിന്നും ഒരു സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താന്‍ ഉന്നത നേതൃത്വത്തിന് സാധിച്ചിട്ടില്ല.
മധ്യപ്രദേശില്‍ മാത്രമല്ല തീരുമാനമെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന്റെ പ്രശ്‌നം തിരിച്ചടിയായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രസിഡന്റ് രാജിവെച്ചെങ്കിലും പകരം കണ്ടെത്തിയ ഡികെ ശിവകുമാറിനെ നിയോഗിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, മുന്‍ ക്യാബിനറ്റ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങളും തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.