വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം

bus charge

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം.

നിരക്ക് വര്‍ദ്ധന അപര്യാപ്തമെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

നിരക്ക് വർധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നാളെ മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാത്ത ഒരു ഒത്തുതീർപ്പും അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചു.

അതേസമയം നിരക്ക് ഇനി വർധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കാനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയിരിക്കുന്നത്.

Top