indelible ink mark-bank

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നോട്ടു മാറ്റാന്‍ സംസ്ഥാനത്തെ ബാങ്കുകളിലും തപാല്‍ ഓഫീസുകളിലും എത്തുന്നവരുടെ വലതു ചൂണ്ടുവിരലില്‍ ഇന്നു മുതല്‍ മഷി പുരട്ടും. ഇടതു കൈ വിരലുകളില്‍ മഷി പുരട്ടരുതെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ട്.

അഞ്ച് മില്ലിലിറ്ററിന്റെ മഷി ബോട്ടിലുകള്‍ എല്ലാ ബാങ്കുകളിലും എത്തിച്ചിട്ടുണ്ട്. മഷി പുരട്ടാനുള്ള ബ്രഷ് അടപ്പിനൊപ്പമുണ്ട്. പുതിയ കറന്‍സി കൈമാറും മുമ്പ് കാഷ്യര്‍ അല്ലെങ്കില്‍ ബാങ്ക് ചുമതലപ്പെടുത്തുന്ന ജീവനക്കാരന്‍ മഷി പുരട്ടും. കറന്‍സി നല്‍കി കഴിയുമ്പോഴേക്കും മഷി ഉണങ്ങുമെന്നതിനാല്‍ മായ്ക്കാനാകില്ല.

രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഇന്നലെ മഷി പുരട്ടി തുടങ്ങി. ഇന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മഷിയാണ് ഉപയോഗിക്കുന്നത്.

കര്‍ണാടകയിലെ പൊതുമേഖലാ സ്ഥാപനമായ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് ആണ് ഈ മഷി നിര്‍മ്മിക്കുന്നത്. അഞ്ചു മില്ലിക്ക് 115 രൂപയാണ് വില.

Top