കീവ് : യുദ്ധം 6 മാസം പിന്നിടുമ്പോൾ, യുക്രെയ്നിന്റെ തെക്കൻ നഗരങ്ങളിൽ റഷ്യ മിസൈലാക്രമണം കടുപ്പിച്ചു. സോവിയറ്റ് യൂണിയനിൽനിന്നു യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ 31–ാം വാർഷികമാണു നാളെ. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ, തലസ്ഥാനനഗരമായ കീവിൽ സ്വാതന്ത്ര്യദിന റാലികൾ അടക്കം ആഘോഷങ്ങൾ വിലക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെയാണു പൊതു ആഘോഷങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്.
ഹർകീവിൽ കഴിഞ്ഞ ദിവസങ്ങളിൽ മിസൈലാക്രമണം രൂക്ഷമായിരുന്നു. ഇന്നും നാളെയും വീടുകളിലിരുന്നു ജോലി ചെയ്താൽ മതിയെന്നാണു നിർദേശം. സ്വാതന്ത്ര്യദിനത്തിൽ റഷ്യ ‘ഹീനമായ’ എന്തെങ്കിലും ചെയ്തേക്കുമെന്നു ശനിയാഴ്ച പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ടിവി പ്രസംഗത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.അതിനിടെ, സാപോറീഷ്യ ആണവനിലയത്തിനു സമീപം നികോപോൾ പട്ടണത്തിൽ ഇന്നലെയും പീരങ്കിയാക്രമണമുണ്ടായി. റഷ്യയിൽനിന്ന് ആണവനിലയം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേനയും രംഗത്തുണ്ട്.