സ്വാതന്ത്ര്യദിനം; വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍, ചെങ്കോട്ടയില്‍ പുഷ്പാലങ്കാരങ്ങള്‍ പൂര്‍ത്തിയായി

ഡൽഹി: എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡല്‍ഹി ചെങ്കോട്ട. ചെങ്കോട്ടയില്‍ പുഷ്പാലങ്കാരങ്ങള്‍ പൂര്‍ത്തിയായി. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ഈ വര്‍ഷത്തെ പ്രധാന സവിശേഷതയാണ്. പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് 21 തോക്ക് സല്യൂട്ട്, ചെങ്കോട്ടയില്‍ പതിവ് പ്രസംഗം എന്നിവ നടക്കും. ശേഷം രാജ്യത്തുടനീളമുള്ള എന്‍സിസി കേഡറ്റുകള്‍ ആലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങിന് സമാപനമാകും.

നേഴ്സുമാരും കര്‍ഷകരും ഉള്‍പ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. ക്ഷണിക്കപ്പെട്ടവര്‍ക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാര്‍ഡുകള്‍ വിതരണം ചെയ്തു. അന്‍പത് നേഴ്സുമാരും അവരുടെ കുടുംബങ്ങളും പ്രത്യേക ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കൂടാതെ, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം, അമൃത് സരോവര്‍, ഹര്‍ഘര്‍ ജല്‍ യോജന എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടാതെ 50 വീതം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് ദമ്പതിമാരെയും ക്ഷണിച്ചിട്ടുണ്ട്.

ഭരണത്തില്‍ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ”ജന്‍ ഭാഗിദാരി” പ്രേരണയുടെ ഭാഗമായാണ് ‘വിശിഷ്ട അതിഥികളെ’ ക്ഷണിച്ചിരിക്കുന്നത്. 660ലധികം ഗ്രാമങ്ങളിലെ 400ലധികം സര്‍പഞ്ചുമാര്‍ക്കും ക്ഷണമുണ്ട്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പദ്ധതിയില്‍ നിന്ന് 250 പേരെയും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലും 50 പേര്‍ വീതവും. പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ 50 ശ്രമ യോഗികള്‍ എന്നിവര്‍ പ്രത്യേക ക്ഷണം കിട്ടിയവരില്‍ ഉള്‍പ്പെടുന്നു.

Top