ഡൽഹി: ഇന്ധനം വലിയതോതിൽ വാങ്ങുന്നവർക്ക് ഉയർന്ന വിലക്ക് ഡീസൽ വിൽക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ. കോർപറേഷൻ അടച്ചുപൂട്ടുന്നതിന് കാരണമാകുന്നതാണ് ഇന്ധനവിലയിലെ നിയന്ത്രണമില്ലായ്മ എന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
ദിവസവും 4 ലക്ഷത്തിൽ അധികം ലിറ്റർ ഡീസൽ കെഎസ്ആർടിസി വാങ്ങുന്നുണ്ട്. ഇത്തരത്തിൽ ബൾക്ക് പർചെയ്സർ വിഭാഗത്തിൽ പെട്ടവരിൽ നിന്ന് വിപണി വിലയെക്കാൾ കൂടിയ തുകയാണ് ഫെബ്രുവരി 1 മുതൽ ഈടാക്കുന്നത്. ഇതു പ്രതിദിനം 19 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്നു. കെഎസ്ആർടിസിയെ സ്വകാര്യ സ്ഥാപനം പോലെ കണക്കാക്കാൻ കഴിയില്ല.
അവശ്യവസ്തു നിയമം, അവശ്യ സേവന പരിപാലന നിയമം എന്നിവയുടെ ലംഘനമാണിത്. എണ്ണവില നിയന്ത്രിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര റഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.