സ്വാതന്ത്ര്യദിനം; ഇത്തവണ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയരുമെന്ന് ആര്‍എസ്എസ്

ഡെറാഡൂണ്‍: സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയര്‍ത്തുമെന്നും വന്ദേമാതരം ആലപിക്കുമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആദ്യമായി മദ്രസകളില്‍ പതാക ഉയര്‍ത്തുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിലായിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ സംഭാവനകളെ കുറിച്ച് മദ്രസയിലെ കുട്ടികളുമായി സംവദിക്കും. മുസ്ലീം സമുദായത്തെ രാജ്യത്തിന്റെ ദേശീയ ബോധവുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. ഉത്തരാഘണ്ഡില്‍ 700 മദ്രസകളാണുള്ളത്. 300 എണ്ണം സംസ്ഥാന സര്‍ക്കാരില്‍ റെജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ദ്രേഷ് വ്യക്തമാക്കി.

എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക സന്ദേശം നല്‍കി കഴിഞ്ഞുവെന്ന് ഉത്തരാഘണ്ഡ് മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ബിലാല്‍ റഹ്മാന്‍ പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കുട്ടികളെ സ്വാതന്ത്ര്യദിനത്തെ കുറിച്ച് ബോധവാന്മാരാക്കി തീര്‍ക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Top