കൊറോണ രാജ്യത്തെ വിഴുങ്ങമോ? 13 ലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് !

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുക എന്ന മുന്‍ കരുതലിന്റെ ഭാഗമായി രാജ്യം ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക് ഡൗണിലേയ്ക്ക് പൊയിക്കഴിഞ്ഞു. എന്നാല്‍ വൈറസ് വ്യാപനം തടയാന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടരുമ്പോഴും ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പാണിപ്പോള്‍ രാജ്യത്തിന് ആശങ്കയായിരിക്കുന്നത്.

ഇനിയും പുതിയ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ മെയ് പകുതിയാകുമ്പോഴേക്കും രാജ്യത്ത് 13 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

രോഗത്തിന്റെ വ്യാപനത്തില്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു എന്ന വിലയിരുത്തലിനിടയിലാണ് ഈ മുന്നറിയിപ്പ് വരുന്നത്.കോവ ഇന്ത് 19 സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

1.4 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കുത്തനെ കുതിച്ചുയരുന്നതായും ആരോഗ്യ സംവിധാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായും ഇന്ത്യയിലെ ചില മെഡിക്കല്‍ ഓഫീസര്‍മാരും വിദഗ്ധരും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

രാജ്യം കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ പ്രവചനങ്ങളില്‍ മാറ്റം വരാമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങളും വൈറസ് പടരാതിരിക്കാനുള്ള നടപടികളും ഏര്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അംഗീകരിക്കപ്പെട്ട മരുന്നോ വാക്സിനോ ഇല്ലാത്തതിനാല്‍ അടുത്ത ഘട്ടത്തിലെ വ്യാപനം വളരെവലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇറ്റലിയിലും അമേരിക്കയിലും മെല്ലെ വ്യാപിച്ച്, പിന്നീട് കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുകയായിരുന്നു വൈറസ്. പെട്ടെന്ന് സാമ്പിളുകള്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്നതിലെ കാലതാമസമാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി മാറുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

‘മികച്ച സാഹചര്യങ്ങള്‍ക്കിടയിലും, നിങ്ങള്‍ വളരെ വേദനാജനകമായ പ്രതിസന്ധിയിലാണ്,” പഠനത്തില്‍ പങ്കെടുത്ത മിഷിഗണ്‍ സര്‍വകലാശാലയിലെ ബയോസ്റ്റാറ്റിസ്റ്റിക്‌സ്, എപ്പിഡെമിയോളജി പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി പറഞ്ഞു.

വ്യവസായ കണക്കുകളും മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഒരു ലക്ഷത്തോളം തീവ്രപരിചരണ വിഭാഗങ്ങളും (ഐസിയു) കിടക്കകളും 40,000 വെന്റിലേറ്ററുകളും മാത്രമേയുള്ളൂവെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ പ്രസിഡന്റ് ധ്രുവ ചൗധരി പറഞ്ഞു.

പ്രവചനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഫെഡറല്‍ ഹെല്‍ത്ത് മിനിസ്ട്രിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

Top