റോം: കോവിഡിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടങ്ങള്‍ നിരത്തി ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ലോക രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി അടുത്ത വര്‍ഷം 5 ബില്യനില്‍ അധികം ഡോസ് കോവിഡ് വാക്‌സീന്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്നു മോദി പറഞ്ഞു.
ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം, കോവിഡ്, സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് എന്നീ വിഷയങ്ങളാണു പ്രമേയം. ‘ഒരേ ഭൂമി, ഒരേ ആരോഗ്യം’ എന്ന കാഴ്ചപ്പാടാണു പ്രസംഗത്തില്‍ മോദി പങ്കുവച്ചത്. ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിനുള്ള പരസ്പര അംഗീകാരത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു. രാജ്യാന്തര യാത്രകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്നും, ഇതിനായി മറ്റു രാജ്യങ്ങളില്‍നിന്നുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാനും ലോക രാഷ്ട്രങ്ങള്‍ തയാറാകണമെന്നും മോദി പറഞ്ഞു.
ഭാവിയിലെ ഏതു തരത്തിലുള്ള വെല്ലുവിളികള്‍ നേരിടാനും ഇത്തരത്തിലുള്ള കാഴ്ചപ്പാടാണു നമുക്കു വേണ്ടതെന്നും, 150ല്‍ അധികം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ എത്തിച്ചു നല്‍കി ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി ആയ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ആഗോള ജനസംഖ്യയുടെ ആറില്‍ ഒന്ന് എന്നായി കോവിഡ് വ്യാപനം കുറയ്ക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതിലൂടെ ആഗോള സുരക്ഷ ഉറപ്പാക്കാനും വൈറസിനു കൂടുതല്‍ ജനിതക വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതു തടയാനും സാധിച്ചു’- മോദിയുടെ വാക്കുകള്‍.