ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 5ജി സ്മാർട്ട്‌ഫോൺ വരിക്കാരുടെ എണ്ണം 33 കോടി ആകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷൻ ഭീമനായ എറിക്‌സണ്‍. രാജ്യത്തെ 5ജി ശേഷിയുള്ള ഡിവൈസുകളുടെ എണ്ണം 2021ന്‍റെ ആദ്യ പാദത്തിൽ ഏഴ് കോടിയായി വർധിച്ചു.
2026 അവസാനത്തോടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 35 കോടി കടക്കും. ഇക്കാലയളവിൽ രാജ്യത്തെ 60 ശതമാനം ജനങ്ങളിലേക്കും 5ജി സേവനങ്ങൾ എത്തുമെന്നും എറിക്‌സണ്‍ പുറത്തുവിട്ട പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ സ്മാർട്ട് ഫോണുകളുടെ ശരാശരി ഡേറ്റ ട്രാഫിക്ക് ആഗോളതലത്തിൽ രണ്ടാമതാണ്.
2019ൽ ഇന്ത്യക്കാരുടെ ശരാശരി ഡേറ്റ ഉപയോഗം ഒരു മാസം 13 ജിബി ആയിരുന്നു. 2020ൽ അത് 14.6 ജിബി ആയി. 2026 ആകുമ്പോഴേക്കും ശരാശരി ഡേറ്റ ഉപയോഗം മാസം 40ജിബി ആകും.ഈ വർഷം അവസാനത്തോടെ ലോകത്തെ 5ജി മൊബൈൽ ഫോണുകളുടെ എണ്ണം 58 കോടിയിലെത്തും. ദിനവും ലോകത്ത് 10 ലക്ഷം 5ജി മൊബൈലുകൾ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് എറിക്‌സണിന്‍റെ കണക്ക്.