രാജ്യത്ത് ഒമിക്രോണ്‍ 358 ആയി ഉയര്‍ന്നു; പുതിയ 6,650 കോവിഡ് കേസുകളും

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 358 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡല്‍ഹി (67) തെലങ്കാന(38), തമിഴ്‌നാട് (34) കര്‍ണാടക (31) ,ഗുജറാത്ത് (30), കേരളം(27), രാജസ്ഥാന്‍ (22) എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതലാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 6,650 പേര്‍ക്കാണ്. 7,051 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,516 പേര്‍. രോഗമുക്തി നിരക്ക് 98.40% ആയി ഉയര്‍ന്നു. 2020 മാര്‍ച്ച് മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ് ഇത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. കഴിഞ്ഞ 81 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 40 ദിവസമായി ഒരു ശതമാനത്തിലും താഴെയാണ്, 0.59%. ആകെ നടത്തിയത് 66.98 കോടി പരിശോധനകള്‍. ഇതുവരെ നല്‍കിയത് 140.31 കോടി ഡോസ് വാക്‌സീന്‍.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് കോവിഡ് സ്ഥിതിഗതികളെപ്പറ്റി നടത്തിയ അവലോകന യോഗത്തിലും ജാഗ്രത തുടരാനും മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു.

ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ, മുന്‍കരുതലെന്ന നിലയില്‍ മധ്യപ്രദേശില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ തന്നെ പ്രാബല്യത്തിലായി. മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top