മുംബൈ : ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടമായി ഇന്ത്യ വളര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സാമ്പത്തിക ഏകീകരണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ജിഡിപി ശതമാനത്തില്‍ സര്‍ക്കാരിന്റെ കടബാധ്യത കുറഞ്ഞുവരികയാണ്.’ രാജ്യത്തിന്റെ വളര്‍ച്ചയും സ്ഥൂല സാമ്പത്തിക സ്ഥിരതയും ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. അവരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ സ്ഥിരതയും പിന്തുണ നല്‍കുന്ന നിയന്ത്രണാധികാര സംവിധാനവുമനാണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബാങ്കിന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോറത്തിന് തുടക്കം കുറിക്കും. ശേഷം വിവിധ വ്യവസായ മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക വളര്‍ച്ച, അനുബന്ധ സൗകര്യ വികസനം, നയ പദ്ധതികള്‍, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
ഏഷ്യയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുമുഖ വികസന ബാങ്ക് ആണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്.