ആഗോള പുനരുപയോഗ ഊര്‍ജ പ്രതിജ്ഞയില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യയും ചൈനയും:118 രാജ്യങ്ങള്‍ ഒപ്പുവച്ചു

സൗദി: കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടിസ് (COP28) കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോള പുനരുപയോഗ, ഊര്‍ജ കാര്യക്ഷമത പ്രതിജ്ഞയില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യയും ചൈനയും. 2030-ഓടെ ആഗോള പുനരുപയോഗ ഊര്‍ജോല്‍പാദനം മൂന്നിരട്ടിയാക്കുമെന്നായിരുന്നു പ്രതിജ്ഞ. ആകെ 118 രാജ്യങ്ങളാണ് പ്രതിജ്ഞയില്‍ ഒപ്പുവച്ചത്. നാല് വന്‍കരകളിലെ 20 രാജ്യങ്ങള്‍ ആണവോര്‍ജ ഉല്‍പാദനം മൂന്നിരിട്ടിയാക്കുമെന്നും പ്രഖ്യാപനം നടത്തി.

2030 വരെ ആഗോള ശരാശരി വാര്‍ഷിക ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ നിരക്ക് രണ്ട് ശതമാനം മുതല്‍ നാല് വരെ ഇരട്ടിയാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രതിജ്ഞയില്‍ പറയുന്നു. ആഗോള പുനരുപയോഗ, ഊര്‍ജ കാര്യക്ഷമത പ്രതിജ്ഞ ലോകമെമ്പാടുമുള്ള സ്ഥാപിത പുനരുപയോഗ ഊര്‍ജ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കി കുറഞ്ഞത് 11,000 GW ആക്കാനും 2030 ഓടെ ആഗോള ശരാശരി വാര്‍ഷിക ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍ നിരക്ക് 4 ശതമാനത്തിലധികം ഇരട്ടിയാക്കാനും പ്രതിജ്ഞാബദ്ധമാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളും കല്‍ക്കരി ഉപഭോക്താക്കളുമായ രണ്ട് രാജ്യങ്ങളാണ് നിലവില്‍ പ്രതിജ്ഞയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. സോളാര്‍, കാറ്റ്, ഹൈഡല്‍ എന്നിവയുള്‍പ്പെടെ ഫോസില്‍ ഇതര ഊര്‍ജ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റം നടത്തിയിട്ടും, കല്‍ക്കരിയെ ആശ്രയിക്കുന്നത് വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ വിമുഖതയാണ് വിട്ടു നില്‍ക്കുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇന്ത്യ ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

”ഞങ്ങള്‍ നിലവിലുള്ള വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ ശ്രമിക്കുകയാണ്. ചര്‍ച്ചകളും കൂടിയാലോചനകളും നടത്തുകയും ഈ പ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു,” പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുനരുപയോഗ ഊര്‍ജത്തെക്കുറിച്ചുള്ള ഈ പ്രതിബദ്ധത ആദ്യമായി അവതരിപ്പിച്ചത് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടന്ന ജി 20 പ്രഖ്യാപനത്തിലാണ്. G20 രാജ്യങ്ങള്‍ നൂറ്റാണ്ടിന്റെ മധ്യത്തിലോ അതിനോടടുത്തോ ആഗോള നെറ്റ്-സീറോ ഉദ്വമനം കൈവരിക്കാനും ആഗോളതലത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു.

Top