പാംഗോങ്ങില്‍ നിന്ന് പിന്മാറി ഇന്ത്യയും ചൈനയും

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിന്ന് പിന്മാറി ഇരുരാജ്യങ്ങളുടെയും സൈന്യം. സൈന്യങ്ങൾ പിന്മാറുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടു. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്.

ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. അതേസമയം, ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് പ്രവേശിച്ച കിഴക്കന്‍ ഭാഗങ്ങളിലടക്കം പുതിയ ധാരണപ്രകാരം പിന്മാറ്റം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചിരുന്നു.

അതേസമയം, ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്ന് കരസേന മേധാവി എംഎം നരവനെ വ്യക്തമാക്കി. പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ശത്രുക്കളുടെ കടന്നുകയറ്റം അവസാനിച്ചിട്ടില്ല. കടന്നുകയറ്റം വര്‍ധിക്കുകയാണ് ചെയ്തത്.വെല്ലുവിളികള്‍ നേരിടാന്‍ സൈന്യം തയ്യാറെടുപ്പ് തുടരുകയാണെന്നും അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top