പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി

ന്യൂഡല്‍ഹി: പ്രതിരോധം, സുരക്ഷ തുടങ്ങിയ രംഗങ്ങളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി.

സൈനിക സഹകരണവും സാങ്കേതിക, ഉപകരണ കൈമാറ്റം വര്‍ധിപ്പിക്കാനും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെറയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ഇന്ത്യന്‍ നാവികസേനയും ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും തമ്മില്‍ സൈനിക പരിശീലനവും കൊടുക്കല്‍വാങ്ങലുകളും വളരെ പ്രധാനമായാണ് കാണുന്നതെന്ന് ഇരു മന്ത്രിമാരും ചൂണ്ടിക്കാട്ടി.

പ്രതിരോധ രംഗത്തെ സഹകരണവും കൈമാറ്റവും സംബന്ധിച്ച് 2014ല്‍ ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമായി തുടരുന്നതില്‍ ഇരു രാജ്യങ്ങളും സംതൃപ്തി അറിയിച്ചു.

ആഭ്യന്തരമായി പ്രതിരോധ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ താല്‍പര്യവും ഇതിനായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായ മേഖല കൂടതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നയത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്നുള്ള വ്യവസായികള്‍ക്ക് ഇവിടെ വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്യോയില്‍ നടക്കുന്ന ഇന്ത്യയും ജപ്പാനും തമ്മിലുള്ള വാര്‍ഷിക മന്ത്രിതല ചര്‍ച്ചയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജെയ്റ്റ്ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക് ലാം മേഖലയിലെ സംഘര്‍ഷാവസ്ഥയും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. അടുത്തിടെ ഉത്തര കൊറിയ നടത്തിയ ആണവായുധ പരീക്ഷണത്തെ ഇരു രാജ്യങ്ങളും അപലപിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ജപ്പാനിലെത്തിയത്.

Top