മികച്ച നയതന്ത്രബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് ; തിരിച്ചടിച്ച് ഇന്ത്യ

ന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ശേഷം ഫ്രാന്‍സും ജര്‍മ്മനിയും സമാധാനം കണ്ടെത്തിയെങ്കില്‍, ഇന്ത്യക്കും പാക്കിസ്ഥാനും എന്ത് കൊണ്ട് പറ്റില്ലെന്ന് കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിട്ട് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

ചര്‍ച്ചയ്ക്കും സാര്‍ക്ക് ഉച്ചകോടിയിലെ പങ്കാളിത്തത്തിനുമുള്ള ക്ഷണം ഇന്ത്യ തള്ളിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. തീവ്രവാദവും സമാധാനവും ഒന്നിച്ച് പോകില്ലെന്നും സാര്‍ക്ക് ഉച്ചകോടിയില്‍ അടക്കം പങ്കെടുക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സിഖ് തീര്‍ത്ഥാടക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുരിലേത്. ഇതിന്റെ പാക് ഭാഗത്തെ തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ണായക പ്രസംഗം. ഇന്ത്യക്കും പാക്കിസ്ഥാനമിടയിലെ ഏക പ്രശ്‌നം കശ്മീര്‍ ആണ്. ഇത് പരിഹരിക്കാന്‍ ശേഷിയുള്ള നേതൃത്വമാണ് ഇരുപക്ഷത്തുമുണ്ടാകേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യ സമാധാനത്തിന് ഒരു ചുവടു വച്ചാല്‍ പാകിസ്ഥാന്‍ രണ്ടു ചുവടു വയ്ക്കും എന്നും ഇമ്രാന്‍ പറഞ്ഞു. ആണവശക്തികളായ രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ യുദ്ധത്തിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാവില്ല. കശ്മീര്‍ എന്ന ഒറ്റവിഷയം പരിഹരിക്കണം എന്ന ഉപാധിയും ഇമ്രാന്‍ മുന്നോട്ടു വച്ചു.

ഇന്ത്യ-കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് ഇമ്രാന്‍ ഖാനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും. ഭീകരരെ സംരക്ഷിക്കില്ല എന്ന വാക്ക് പാകിസ്ഥാന്‍ പാലിക്കണമെന്നും ഇന്ത്യ മറുപടി നല്‍കി. കര്‍താര്‍പൂര്‍ ഇടനാഴി തുറന്നതിന്റെ പേരില്‍ ഇന്ത്യാ പാക് ചര്‍ച്ചയ്ക്കു സാഹചര്യമില്ലെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Top