ഏകദിനത്തിന്റെ വിജയലഹരിയിൽ ഇന്ത്യ ഇന്ന് ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിന്

റാഞ്ചി : ഇന്ത്യ ഇന്ന് ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിനിറങ്ങുന്നു.

ഏകദിന പരമ്പരയിൽ ആധികാരിക വിജയത്തിനൊപ്പം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്കെതിരായ മികച്ച റെക്കോർഡും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കുട്ടുന്നുണ്ട്.

കളിച്ച 13 മൽസരങ്ങളിൽ ഒൻപതിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ജനുവരിയിൽ നടന്ന അവസാന ട്വന്റി20 പരമ്പര ഇന്ത്യ 3–0നു തൂത്തുവാരി.

പേരുകേട്ട ബാറ്റിങ് നിരയും അതിനോടു കിടപിടിക്കുന്ന ബോളിങ് പടയുമാണ് ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്നു.

38–ാം വയസ്സിൽ ടീമിലേക്കു തിരികെയെത്തിയ ആശിഷ് നെഹ്റയാണു പ്രധാനതാരം.

ഇന്ത്യയ്ക്കായി ഇതുവരെ 26 ട്വന്റി20 മൽസരങ്ങൾ കളിച്ച നെഹ്റ 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നെഹ്റയ്ക്കൊപ്പം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും ചേരുന്നതോടെ പേസ് ആക്രമണത്തിന്റെ ശക്തി കൂടും.

ഏകദിന മൽസരങ്ങളിലെ ഹീറോ ഹാർദിക് പാണ്ഡ്യയ്ക്കു ചുറ്റുമാണ് ഇന്ത്യയുടെ പ്രതീക്ഷാവലയം. 55 റൺസ് ശരാശരിയിൽ 222 റൺസ് നേടിയ ഹാർദിക് വീണ്ടും തിളങ്ങിയാൽ ഇന്ത്യയ്ക്കു ട്വന്റി20യും അനായാസം നേടാം.

ബാറ്റിങ് ഓപ്പണിങ്ങിലേക്കു ശിഖർ ധവാൻ തിരിച്ചെത്തും. ഏകദിന പരമ്പരയിൽ ഒരു മൽസരത്തിലും അവസരം ലഭിക്കാത്ത കെ.എൽ.രാഹുലിന് ഇന്ന് അവസരം ലഭിച്ചേക്കും.

ബാറ്റിങ്ങിൽ മികച്ച തുടക്കം പാഴാക്കി തകർന്നടിയുന്ന മധ്യനിരയാണ് ഓസീസിന്റെ പ്രശ്‍നം. ഏകദിന പരമ്പരയിൽ പേസർമാരും ഓസീസിനെ നിരാശപ്പെടുത്തി.

ഇന്ത്യൻ മണ്ണിൽ മികച്ച റെക്കോർഡുള്ള ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ഓൾറൗണ്ടർമാരായ മോയിസസ് ഹെൻറിക്വസ്, ഡാൻ ക്രിസ്റ്റ്യനും ഓസീസ് ടീമിലുണ്ട്.

Top