കശ്മീര്‍: നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈനയ്ക്ക് ഇന്ത്യയുടെ നിര്‍ദേശം.
ഈ പ്രദേശത്ത് റോഡുകള്‍, പാലങ്ങള്‍, ജല വൈദ്യുത പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണം ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നതായാണ് ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടതെന്നു സേനാ വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി അറിയിച്ചു.
കഴിഞ്ഞവര്‍ഷം അവസാനമാണു പാക്ക് അധിനിവേശ കശ്മീരില്‍ ആദ്യമായി ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ താങ്ധര്‍ മേഖലയില്‍ ചൈനീസ് കമ്പനി 970 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലാണ്.
വടക്കന്‍ കശ്മീരിലെ ബന്ദിപ്പൂരില്‍ ഇന്ത്യ നിര്‍മിക്കുന്ന കിഷന്‍ഗംഗ വൈദ്യുത പദ്ധതിക്കു ബദലായാണിതെന്നു പറയുന്നു. കിഷന്‍ഗംഗ നദിയിലെ ജലമുപയോഗിച്ചുള്ള ഈ വൈദ്യുത പദ്ധതി അടുത്തവര്‍ഷം പൂര്‍ത്തിയാകും.
പാക്കിസ്ഥാന്‍-ചൈന സാമ്പത്തികബന്ധം രാജ്യത്തിനു സുരക്ഷാഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
മാത്രമല്ല, പാക്ക് അധീന കശ്മീരില്‍ ചൈനീസ് സൈന്യം പാക്ക് സൈനികര്‍ക്കു പരിശീലനം നല്‍കുന്നതായും ബിഎസ്എഫിനു വിവരം ലഭിച്ചിരുന്നു.