മുംബൈ ഭീകരാക്രമണം; പാകിസ്താനോട് ഹാഫിസ് സയീദിനെ കൈമാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി : മുംബൈയിൽ 2008-ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇതുസംബന്ധിച്ച അപേക്ഷ പാകിസ്താന് കൈമാറിയതായി അറിയിച്ചു. നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് 77 കാരനായ ഹാഫിസ് സയീദ്. പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്.

മുമ്പും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂചിച്ച കേസുകളില്‍ ഹാഫിസ് സയീദ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷകാലയളവുകളില്‍ വര്‍ഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചിലവഴിച്ചിരുന്നു. ചിലസമയങ്ങളില്‍ വീട്ടുതടങ്കലിലുമായിരുന്നു. എന്നാല്‍ പാകിസ്താനില്‍ സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാ വിരുദ്ധവും പ്രകോപനകരവുമായ പരാമര്‍ശങ്ങളും ഇയാള്‍ നടത്തിക്കൊണ്ടിരുന്നു.

ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തല്‍ഹ സയീദ് പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ. ഹാഫിസ് സെയ്ദ് കഴിഞ്ഞാല്‍ ലഷ്‌കറെ തൊയ്ബയിലെ രണ്ടാമന്‍ മകനായ തല്‍ഹയാണ്. കഴിഞ്ഞ വര്‍ഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

2008 നവംബര്‍ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബര്‍ 26-ന് തുടങ്ങിയ ഈ ആക്രമണം നവംബര്‍ 29-ന് ഇന്ത്യന്‍ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. മലയാളി ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെ പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ലഷ്‌കറെ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ആക്രമണത്തിനിടെ പിടികൂടിയ അജ്മല്‍ കസബ് പാകിസ്താന്‍കാരനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയാക്കി. ഭീകരരില്‍ അജ്മല്‍ കസബ് ഒഴികെ മറ്റു ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി.

Top