വാഷിംങ്ടണ്‍: ലോകത്ത് ആളുകള്‍ക്ക് സന്തോഷിക്കാന്‍ ജിഡിപി പൊയന്റും ആളോഹരി വരുമാന നിരക്കും ആവശ്യമില്ലെന്നാണ് കണക്കുകള്‍. ലോകത്തിലെ സന്തോഷമനുഭവിക്കുന്ന 156 രാജ്യങ്ങളുടെ പട്ടികയില്‍ 133-ാം സ്ഥാനത്താണ് ഇന്ത്യന്‍ ജനത. ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2018ന്റെ അടിസ്ഥാനത്തിലാണിത്. വരുമാനത്തേക്കാളും രാജ്യത്തെ നിയമ വ്യവസ്ഥയാണ് ഇക്കാര്യത്തില്‍ ആളുകളെ ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതായത്, ആളോഹരി വരുമാനമോ രാജ്യത്തിന്റെ സമ്പദ് ഘടനയോ അല്ല, സമൂഹത്തില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവിടത്തെ ജനങ്ങള്‍ സന്തോഷവാന്മാരാണോ അല്ലെയോ എന്ന് നിശ്ചയിക്കുന്നത്.
ജനസംഖ്യ നിയമ നിര്‍മ്മാണത്തെ വളരെയധികം ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യവും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. 3.3 കോടി കേസുകളാണ് ഇന്ത്യയുടെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നത്. 64 കോടി ആളുകളാണ് ഇത്തരം കേസുകളുമായി മുന്നോട്ട് പോകുന്നത്. ഇവരൊന്നും തന്നെ ഒരു തരത്തിലും സന്തോഷമനുഭവിക്കുന്നില്ല. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഇവരുടെ ദീര്‍ഘകാല സന്തോഷത്തിന് കാരണമാകുന്നു. 30 ശതമാനത്തിന് മുകളിലുള്ള ഇന്ത്യന്‍ ജനതയാണ് ഇത്തരത്തില്‍ കോടതികള്‍ കയറിയിറങ്ങുന്നത്.
രാജ്യത്തെ ആളുകളെ സന്തോഷവാന്മാരാക്കി ഇരുത്തുന്നതാണ് കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് വിക്ടിമോളജി വിദഗ്ധനായ വെസ്‌ന നിക്കോളാസ് അഭിപ്രായപ്പെട്ടു. ഭൂട്ടാനിലെ നിയമങ്ങള്‍ പരിശോധിച്ചാല്‍ സന്തോഷവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂട്ടാനില്‍ നിന്നുള്ളവരാണ് ലോകത്ത് ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്. അതില്‍ തന്നെ 41 ശതമാനത്തിലധികം പേര്‍ അങ്ങേയറ്റം സന്തോഷവാന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്കും ഇവിടെ വളരെ കുറവാണ്.
മനുഷ്യന്റെ സന്തോഷവും കുറ്റകൃത്യങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. രാജ്യങ്ങളുടെ നിയമ വ്യവസ്ഥയും ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്നു.
പട്ടിണി, രോഗങ്ങള്‍, സാമ്പത്തികം എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് മതം, വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍, സമത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് ഇന്ത്യയുടെ ജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായിത്തന്നെ ബാധിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.