കാൻബറ: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് 303 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്. 76 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ഏഴു ബൗണ്ടറികളുമായി 92 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ (66), വിരാട് കോലി (63) എന്നിവരും ഇന്ത്യയ്ക്കായി മികച്ച സ്‌കോറുകൾ നേടിക്കൊടുത്തു. ആറാം വിക്കറ്റിലെ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 302-ല്‍ എത്തിച്ചത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. മൂന്ന് മത്സരങ്ങളുണ്ടായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചത് ഓസ്ട്രേലിയായിരുന്നു.
മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലും ചാഹലിന് പകരം കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയ്ക്ക് പകരം തമിഴ്നാട് പേസര്‍ ടി. നടരാജനും നവ്ദീപ് സെയ്‌നിക്ക് പകരം ശാര്‍ദുല്‍ താക്കൂറൂമാണ് ഇന്ന് ടീമിൽ ഉണ്ടായിരുന്നത്. ധവാനൊപ്പം ഇന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലിനു 39 പന്തുകളിൽ ഒരു സിക്‌സും മൂന്നു ഫോറുമടക്കം 33 റൺസും കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 56 റണ്‍സും നേടാൻ കഴിഞ്ഞു. ശ്രേയാസ് അയ്യർ (19) ,ലോകേഷ് രാഹുൽ (5) എന്നിവർ വേഗം മടങ്ങി. ഓസ്ട്രേലിയക്കായി ആഷ്ടൻ അഗാർ 2 വിക്കറ്റ് വീക്കറ്റ്ഴ്ത്തി.