ചെപ്പോക്ക്: ഓസീസിനെതിരായ ആദ്യഏകദിനത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ കോഹ്‌ലിയുടേതടക്കം അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ കോള്‍ട്ടര്‍ നിലെയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. സ്റ്റോയിനിസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഓപ്പണര്‍മാരായ രഹാനെ (അഞ്ച്), ശര്‍മ (28), കോഹ്‌ലി (0), മനീഷ് പാണ്ഡെ (0), ജാദവ് (40) എന്നിവരാണ് പുറത്തായത്.
സ്‌കോര്‍ പതിനൊന്നില്‍ നില്‍ക്കെ ഓപ്പണര്‍ രഹാനെയുടെ രൂപത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കോള്‍ട്ടര്‍ നിലെയുടെ പന്തില്‍ കീപ്പര്‍ മാത്യു വെയ്ഡ് പിടിച്ചാണ് രഹാനെ പുറത്തായത്. ഇതേ സ്‌കോറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.
രഹാനെയ്ക്ക് പകരമെത്തിയ ക്യാപ്റ്റന്‍ കോഹ്‌ലിക്കും പിഴച്ചു. വെറും നാല് പന്ത് നേരിട്ട കോഹ്‌ലി റണ്ണെടുക്കാതെ മടങ്ങി. കോള്‍ട്ടര്‍ നിലെയ്ക്കായിരുന്നു വിക്കറ്റ്. ഇതേ ഓവറിലെ മൂന്നാം പന്തില്‍ മനീഷ് പാണ്ഡെയും പുറത്തായി.
നാലാം വിക്കറ്റില്‍ രോഹിതും ജാദവും 53 റണ്‍സ് ചേര്‍ത്തു. ഈ സഖ്യം ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്‌കോര്‍ 64 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ശര്‍മ പുറത്തായി. 44 പന്തില്‍ 28 റണ്‍സായിരുന്നു ശര്‍മയുടെ സമ്പാദ്യം. മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു വിക്കറ്റ്.