പൊരിഞ്ഞ പോരാട്ടത്തിനൊരുങ്ങി പെര്‍ത്ത്; ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ. കഴിഞ്ഞ കളിയില്‍ നേടിയ 31 റണ്‍സ് ജയത്തിന്റെ കരുത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ചുവരാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഫാസ്റ്റ് ബൗളിങിനെ പിന്തുണയ്ക്കുന്ന മൈതാനത്ത് ആതിഥേയരുടെ ബൗളിങ് നിര ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

ഓപ്പണിങ്ങിലെ താളപ്പിഴ വിദേശപര്യടനങ്ങളില്‍ ഇന്ത്യക്ക് തലവേദനയാവുന്നു. മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍ എന്നീ ഇന്ത്യയുടെ ഓപ്പണിങ് താരങ്ങള്‍ക്ക് മികവുകാട്ടാന്‍ കഴിയുന്നില്ല. സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ് ആദ്യമത്സരം നഷ്ടമായ യുവതാരം പൃഥ്വി ഷാ രണ്ടാം ടെസ്റ്റ് കളിക്കുമെന്നാണ് വിവരം. നാട്ടില്‍ നടന്ന വിന്‍ഡീസ് പര്യടനത്തില്‍ മിന്നിത്തിളങ്ങിയ പൃഥ്വി ഓസ്‌ട്രേലിയയില്‍ നടന്ന സന്നാഹ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പൃഥ്വിയെത്തുന്നതോടെ മുരളി വിജയ് പുറത്തിരിക്കാനാണ് സാദ്ധ്യത. ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രാഹുലിന്റേത് ഭേദപ്പെട്ട പ്രകടനമായിരുന്നു. ഇതോടെ രാഹുല്‍ പൃഥ്വി ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം ടെസ്റ്റിലുണ്ടാവുമെന്നാണ് വിവരം.

ആദ്യമത്സരത്തിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആര്‍ അശ്വിന്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. പുറത്തേറ്റ പരിക്കാണ് അശ്വിന് തിരിച്ചടിയായത്. പകരം രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചേക്കും. ആദ്യമത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന രോഹിതിനും പരിക്കാണ് പ്രശ്‌നം. പകരം ഹനുവ വിഹാരി മദ്ധ്യനിരയിലിറങ്ങും.

ആദ്യമത്സരത്തില്‍ ഇന്ത്യ വിജയം നേടിയെങ്കിലും ബാറ്റിങ്ങില്‍ ആരൊക്കെ സ്ഥിരത നിലനിര്‍ത്തുമെന്ന് കണ്ടറിയണം. സമീപകാലത്തെ വിദേശപര്യടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ബാറ്റിങ്ങില്‍ വിശ്വസ്തനായി വിരാട് കോലി മാത്രം. ടെസ്റ്റിലെ ഇന്ത്യയുടെ പുത്തന്‍ വന്‍മതില്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ മുഖ്യ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ അവസരോചിത സെഞ്ച്വറിയോടെ ഇന്ത്യയെ രക്ഷിച്ചത് പുജാരയായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ അര്‍ദ്ധ സെഞ്ച്വറി പ്രകടനവും ഇന്ത്യക്ക് കരുത്തായി.
മദ്ധ്യനിരയില്‍ അജിന്‍ക്യ രഹാനെ ഫോം കണ്ടെത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. അഡ്‌ലെയ്ഡില്‍ രഹാനെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൂറ്റന്‍ ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നിലയുറപ്പിക്കാന്‍ സാധിക്കുന്നില്ല. അവസരത്തിനൊത്ത് റിഷഭ് ശൈലി മാറ്റേണ്ടത് അനിവാര്യമാണ്. ആദ്യമത്സരത്തില്‍ തകര്‍ന്നടിഞ്ഞ വാലറ്റം ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടും.

ഹോം ഗ്രൗണ്ടില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഓസീസ് പേസര്‍മാരെ നേരിടാന്‍ ഇന്ത്യ നന്നായി ബുദ്ധിമുട്ടും. ഓസീസിന്റെ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സഹായിക്കാന്‍ മിച്ചല്‍ ജോണ്‍സണ്‍കൂടി എത്തുന്നതോടെ ബൗളിങ് മൂര്‍ച്ചകൂടും. തുടര്‍ച്ചയായ പരിക്കുകള്‍ സ്റ്റാര്‍ക്കിനെ ബാധിച്ചിട്ടുണ്ടെന്നാണ് ജോണ്‍സണിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് ടെസ്റ്റില്‍ നിന്ന് 29 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ടീമിലെ മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ സ്റ്റാര്‍ക്കിനെക്കാള്‍ ശക്തരാണ്. പാറ്റ് കുമ്മിന്‍സ് എട്ട് കളിയില്‍ നിന്ന് 40 വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് എട്ട് കളിയില്‍ നിന്ന് 30 വിക്കറ്റും നേടി.

പക്ഷേ രണ്ടാം ടെസ്റ്റിലെ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമല്ല. ഓസീസ് പര്യടനത്തില്‍ കളിച്ച 11 രണ്ടാം ടെസ്റ്റില്‍ ഏഴുതവണയും ഓസീസ് ജയിച്ചപ്പോള്‍ ഒരു തവണ ഇന്ത്യയും വിജയിച്ചു. മൂന്ന് ടെസ്റ്റ് സമനിലയായി. അവസാനമായി 2012ലാണ് ഇന്ത്യ പെര്‍ത്തില്‍ ടെസ്റ്റ് കളിച്ചത്. അന്ന് ഇന്നിങ്‌സിനും 37 റണ്‍സിനും ഇന്ത്യ തോറ്റു. അവസാനമായി പെര്‍ത്തില്‍ കളിച്ച മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 41 റണ്‍സിനും അവര്‍ തോല്‍പ്പിച്ചിരുന്നു. പെര്‍ത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റെക്കോഡ് അത്ര മികച്ചതല്ല. മൂന്നു മത്സരത്തില്‍ നിന്ന് 226 റണ്‍സ് നേടിയ സച്ചിനാണ് ഇന്ത്യയുടെ പെര്‍ത്തിലെ ടോപ് സ്‌കോറര്‍. ഓസീസ് താരങ്ങളായ ഉസ്മാന്‍ കവാജയ്ക്കും ഷോണ്‍ മാര്‍ഷിനും മികച്ച റെക്കോഡുള്ള മൈതാനമാണ് പെര്‍ത്ത്. ബൗളിങ്ങില്‍ നഥാന്‍ ലിയോണും ജോഷ് ഹെയ്‌സല്‍വുഡും എതിരാളികളുടെ അന്തകരായ ചരിത്രവും പെര്‍ത്തിലുണ്ട്.

Top