ഡാര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ കളിക്കാന്‍ ഇറങ്ങും. കരുത്തന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളി.
ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. ആറ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ കരുതലോടെയാകും മിഥാലി രാജും സംഘവും ഇറങ്ങുക.
ടൂര്‍ണമെന്റിലെ ആദ്യ ഇന്ത്യ-ഓസ്‌ട്രേലിയ ഏറ്റുമുട്ടലില്‍ എട്ടുവിക്കറ്റിന് ഓസിസ് ജയിച്ചിരുന്നു. ഇന്ത്യ ഇത്തവണ തോല്‍വിയറിഞ്ഞത് ദക്ഷിണാഫ്രിക്കയോടും ഓസിസിനോടും മാത്രമാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കിവീസിനെ 186 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനാണ് നീലപ്പട തോല്‍പ്പിച്ചത്.
മറുവശത്ത് ഓസ്‌ട്രേലിയയും മികച്ച ഫോമിലാണ്. ഏഴ് മത്സരങ്ങളില്‍ തോറ്റത് ഒരെണ്ണത്തില്‍ മാത്രം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്മാരായതും ഓസിസ് തന്നെ.
റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ നാലു തവണ കളിച്ച കൗണ്ടി ഗ്രൗണ്ടിലാണ് മത്സരമെന്നത് മിതാലി രാജിനും സംഘത്തിനും പ്രതീക്ഷ നല്‍കുന്നു. ന്യൂസീലന്‍ഡിനെ ഇന്ത്യ തകര്‍ത്തതും ഈ ഗ്രൗണ്ടിലാണ്. ഓസ്‌ട്രേലിയ ഇവിടെ കളിച്ചിട്ടില്ല.
2005ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകപ്പ് ഫൈനലില്‍ ഇന്ത്യയെ 98 റണ്‍സിന് തോല്‍പിച്ച് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു.