ഇന്ത്യ ഓസ്‌ട്രേലിയ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ബ്രിസ്‌ബെയ്ന്‍: രണ്ടുമാസത്തോളം നീളുന്ന ഇന്ത്യഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച ട്വന്റി 20 മത്സരത്തോടെ തുടക്കം. മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20 മുതല്‍.

12 അംഗ ടീമിനെ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. റിഷഭ് പന്ത് ആവും വിക്കറ്റ് കീപ്പറായി ടീമില്‍ കളിക്കുക. അതേസമയം, ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ കാര്‍ത്തിക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍.

പരിമിത ഓവര്‍ മത്സരത്തില്‍ മുന്‍നായകന്‍ ധോണി ഇല്ലാതെ ഇന്ത്യ ഇറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകത. ടെസ്റ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ഒരു ദശകത്തിലേറെയായി ധോണി ടീമിനൊപ്പമുണ്ട്. ഇതിനിടെ ധോനിയെ ഉള്‍പ്പെടുത്താത്ത ഇന്ത്യന്‍ ടീം അപൂര്‍വമായിരുന്നു.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടാലും വിക്കറ്റിനുപിന്നില്‍ വിശ്വസ്തനായി നിലകൊള്ളുന്ന ധോനി, വിലപ്പെട്ട ഉപദേശങ്ങള്‍കൊണ്ടും നിര്‍ണായക തീരുമാനങ്ങള്‍കൊണ്ടും ടീമിനൊപ്പമുണ്ടായിരുന്നു. ഇനി അധികകാലം അതുണ്ടാകില്ല എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ക്രിക്കറ്റ് ബോര്‍ഡ് ധോണി ഇല്ലാത്ത ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രൂണാല്‍ പാണ്ട്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഖലീല്‍ അഹമ്മദ്, ചാഹല്‍.

Top