അഡ്‌ലെയ്ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും ഇരുപത് ഓവർ പൂർത്തിയാകും മുൻപ് തന്നെ പുറത്താവുകയായിരുന്നു. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷായാണ് കളത്തിൽ ഇറങ്ങിയത്. മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷായെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി പൂജ്യനായി മടക്കുകയായിരുന്നു. 40 പന്തിൽ നിന്ന് 16 റൺസെടുത്ത മായങ്ക് അഗര്‍വാളിനെ പാറ്റ് കമ്മിൻസും ക്ലീൻ ബൗൾഡാക്കി.
25 ഓവറിനു ശേഷം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്ത് നിൽക്കുകയാണ് ഇന്ത്യ. 17 റൺസുമായി ചേതേശ്വർ പൂജാരയും അഞ്ച് റൺസെടുത്ത് ക്യാപ്റ്റൻ കോലിയുമാണ് ക്രീസിൽ. ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണീ മത്സരം. ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.
പിങ്ക് ബോളില്‍ ഓസ്ട്രേലിയ നേരത്തേ കളിച്ച ഏഴ് ഡേ നൈറ്റ് ടെസ്റ്റുകളിലും തോറ്റിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ മുമ്പ് ഒരേയൊരു ഡേ നൈറ്റ് ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അന്ന് കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ഇക്കുറി കരുത്തരായ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് മത്സരം എന്നത് എതിരാളികള്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.