ഡിസംബർ 17ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മുന്‍തൂക്കമുണ്ടെന്ന് ഒസീസ് സ്പിന്നർ ഷെയ്ന്‍ വോണ്‍. ഏകദിന പരമ്പര ഓസീസും ടി20 പരമ്പര ഇന്ത്യയും നേടിയ സാഹചര്യത്തില്‍ അഡ്‌ലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റോടെ തുടക്കമിടുന്ന പരമ്പര ആരു നേടുമെന്ന് കായികലോകം ഉറ്റുനോക്കുന്നതിനിടെയാണ് വോണിന്റെ പ്രസ്താവന. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്.
നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവും സ്റ്റീവ് സ്മിത്തിനെയും ലാബുഷെയ്നെയും പോലുള്ള കളിക്കാരുടെ സാന്നിധ്യവും ഒസീസിന് മുന്‍തൂക്കം നല്‍കുന്നുവെന്നാണ് വോൺ പറയുന്നത്. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ശേഷിക്കുന്ന ടെസ്റ്റുകളില്‍ ഒസീസിനെ ജയിക്കുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെയാണ്. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നും വോണ്‍ പറഞ്ഞു.