ന്യൂഡല്‍ഹി: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ എന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.
സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ചില വിദേശരാജ്യങ്ങളിലെ സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസുമായും മറ്റും നേരില്‍ ബന്ധപ്പെടുകയും ക്ഷണക്കത്തുകള്‍ അയയ്ക്കുകയും ചെയ്യുന്നത് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ച് വരികയായിരുന്നു.
ഇത്തരം എല്ലാ കാര്യങ്ങളും ഭാവിയില്‍ ആഭ്യന്തര മന്ത്രാലയംവഴി മാത്രമേ ആകാവൂ എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. മനുഷ്യക്കടത്തും ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയും ചിലപ്പോള്‍ കരുതല്‍ വേണ്ട വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.