ക്വീന്‍സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ നിര സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 131 റണ്‍സിനാണ് ബംഗ്ലാദേശിനെ കീഴ്‌പ്പെടുത്തിയത്. ബാറ്റിങ്ങിലെ അപ്രതീക്ഷിത പാകപ്പിഴയ്ക്ക് ബോളിങ്ങിലും ഫീല്‍ഡിങ്ങിലും പരിഹാരം ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശം. വിജയ ലക്ഷ്യമായ 266 പിന്തുടര്‍ന്ന ബംഗ്ലാദേശ് 134ന് പുറത്തായി. സെമിയില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും മിന്നും താരമായി മാറിയ അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി.
266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.