ട്രിനിഡാഡ്: അണ്ടര്‍ 19 ലോകകപ്പില്‍ ഉഗാണ്ടയെ തോല്‍പ്പിച്ച് ഇന്ത്യ. 326 റണ്‍സിനാണ് ഇന്ത്യയുടെ ജയം. അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ 79 റണ്‍സെടുക്കാന്‍ മാത്രമേ ഉഗാണ്ടയ്ക്കായുള്ളൂ. 19.4 ഓവറില്‍ ടീമിന്റെ ഒമ്പതു വിക്കറ്റും നഷ്ടമായി. ഇടതുകൈക്ക് പരിക്കേറ്റതിനാല്‍ ഒരാള്‍ ബാറ്റിങ്ങിനിറങ്ങിയില്ല.
രാജ് ബവ, അന്‍കൃഷ് രഘുവന്‍ഷി എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബവ 108 പന്തില്‍ നിന്ന് 162 റണ്‍സെടുത്തു. രഘുവന്‍ഷി 120 പന്തില്‍ നിന്ന് 144 റണ്‍സും. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് ബാന 22 റണ്‍സെടുത്തു. ഉഗാണ്ടന്‍ ബൗളര്‍മാരില്‍ മിക്കവരും ഒരോവറില്‍ എട്ടിന് മുകളില്‍ റണ്‍സ് വഴങ്ങി. ക്രിസ്റ്റഫര്‍ കിഗേഡ മൂന്നു വിക്കറ്റു വീഴ്ത്തി.
ഇന്ത്യ മുമ്പില്‍ വച്ച കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ടക്ക് ഒരു ഘട്ടത്തില്‍ പോലും പിടിച്ചു നില്‍ക്കാനായില്ല. ആറു ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സൊന്നുമെടുക്കാനായില്ല. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാസ്‌കല്‍ മുറുങ്കിയാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി നിഷാന്ത് സന്ധു 4.4 ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി.
കോവിഡ് മൂലം ക്യാപ്റ്റന്‍ യഷ് ദൂല്‍ അടക്കമുള്ള താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ 174 റണ്‍സിന് ഇന്ത്യ അയര്‍ലാന്‍ഡിനെ കീഴ്‌പ്പെടുത്തിയിരുന്നു. അടുത്ത വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി.