പ്രതിരോധത്തിൽ ഇന്ത്യ സൂപ്പറാണ് ! കോവിഡ് പഠന റിപ്പോർട്ട് പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്.

ഓക്‌സ്‌ഫോര്‍ഡ് കോവിഡ് ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് തെളിഞ്ഞത്.

രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. മാത്രമല്ല സര്‍ക്കാരിന്റെ നയങ്ങളും ഇടപെടലുകളും പഠന വിധേയമാക്കിയിരിക്കുന്നു.

13 സൂചകങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌കൂളുകളും ഓഫിസുകളും അടച്ചിടുക, പൊതു പരിപാടികള്‍ റദ്ദാക്കല്‍, പൊതുഗതാഗതം നിര്‍ത്തലാക്കുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാംപെയിന്‍, ആഭ്യന്തരരാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍, ധനപരമായ നടപടികള്‍, ആരോഗ്യമേഖലയിലെ അടിയന്തര നിക്ഷേപം, വാക്‌സിന്‍, പരിശോധന, കോണ്‍ടാക്റ്റ് ട്രെയ്‌സിങ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് കൊറേണ വൈറസ് സ്ഥിരീകരിച്ചത് മുതല്‍ മോദി സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചതായി പഠനത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിരവധി നടപടികളാണ് പുറത്തിറക്കിയത്. 21 ദിവസത്തെ ലോക്ഡൗണ്‍, പരിശോധന, പൊതുഗതാഗതം നിര്‍ത്തലാക്കല്‍, രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക്, വിദേശത്തു നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കുക എന്നിവ നടപ്പിലാക്കി. പാവപ്പെട്ടവര്‍ക്കായി നടപടികള്‍ പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും പണലഭ്യത വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളേക്കാള്‍ അതിവേഗത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചതെന്നും ഓക്‌സ്‌ഫോഡ് ഇന്‍ഡക്‌സില്‍ പറയുന്നു.

Top