മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ ഇറ്റാലിയന്‍ സൗന്ദര്യമാണ് ബെനെലി. ഇപ്പോള്‍ ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലാണെങ്കിലും ബെനെലി ഇറ്റലിയില്‍ ബൈക്ക് നിര്‍മ്മാണം അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ ബെനെലി അവതരിപ്പിച്ച കോണ്‍സെപ്റ്റ് സ്‌ക്രാംബ്‌ളറാണ് ലിയഞ്ചിനോ. ‘സിംഹക്കുട്ടി’ എന്നാണ് ലിയഞ്ചിനോ എന്ന ഇറ്റാലിയന്‍ വാക്കിനര്‍ത്ഥം. പേരു സൂചിപ്പിക്കും പോലെ കരുത്തും ബെനെലി ചാര്‍ത്തി നല്‍കിയ സൗന്ദര്യവും ചാലിച്ച് ഈവര്‍ഷം അവസാനം ലിയഞ്ചിനോ ഇന്ത്യയിലെത്തും.
ഇറ്റാലിയന്‍ സൗന്ദര്യമെന്ന വിശേഷണം ലിയഞ്ചിനോയ്ക്ക് വെറും ഭംഗിവാക്കല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. ഓഫ്‌റോഡ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്നതാണ് ടയറുകള്‍. ഡിസ്‌ക് ബ്രേക്കുകളുടെ പിന്തുണയോടെയുള്ള സ്‌പോക്ക് വീലുകള്‍ രൂപകല്പനയിലെ മികവും ബൈക്കിനെ മൊത്തത്തില്‍ മനോഹരമാക്കാന്‍ ബെനെലി പ്രയോഗിച്ച ബുദ്ധിയുമാണ്. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എ.ബി.എസ്) സ്ഥാനം നേടിയിരിക്കുന്നു.
മുന്‍ടയറില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീലുകള്‍. മികച്ച റൈഡിംഗ് സുഖം പകരുന്ന വിധമാണ് ഹാന്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നത്. തീരെ ചെറുതും വ്യത്യസ്തവുമാണ് ഇന്‍സ്ട്രുമെന്റ് പാനല്‍.
വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റിനു ഇരുവശത്തുമായി സ്ഥാനം നേടിയിരിക്കുന്ന എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളും വ്യത്യസ്തത പുലര്‍ത്തുന്നു. ടെയ്ല്‍ ലാമ്പും പിന്നിലെ ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളും സമാന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മുന്നിലെ ഡ്യുവല്‍ടോണ്‍ മഡ്ഗാര്‍ഡും ഇന്ധനടാങ്കിന്റെ വശത്തായി ഇടം പിടിച്ച ബെനെലി ലോഗോയും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റും ഭംഗിയാണ്.