india bound suzuki ignis gets 5 star safety rating

മാരുതി സുസുക്കി ഉടന്‍ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‌നിസിന് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍. യൂറോപ്യന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (യൂറോ എന്‍സിഎപി) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇഗ്‌നിസിന്റെ സ്റ്റാന്റേര്‍ഡ് വേരിയന്റ് മൂന്നു സ്റ്റാറും ഓപ്ഷണല്‍ സെഫ്റ്റി പായ്‌ക്കോടു കൂടിയ വകഭേദത്തിന് അഞ്ച് സ്റ്റാറുമാണ് ലഭിച്ചത്.

വാഹനത്തിന്റെ യൂറോപ്യന്‍ വേര്‍ഷനിലാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് നടത്തിയ രണ്ടു മോഡലുകള്‍ക്കും രണ്ട് എയര്‍ബാഗുകളുണ്ടായിരുന്നു. ഇന്ത്യന്‍ വാഹന വിപണി ആകാംഷയോടെ കാത്തിരിക്കുന്ന ചെറു എസ് യു വിയാണ് മാരുതി ഇഗ്‌നിസ്.

അഞ്ചു ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസിന് 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയില്‍ അവതരിപ്പിച്ച മോഡല്‍ ആദ്യമായാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത് ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വെച്ചായിരുന്നു.

മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസ് ചെറു എസ് യു വിയാണെങ്കിലും മസ്‌കുലറായ രൂപത്തിനുടമയാണ്

രാജ്യാന്തര വിപണിയില്‍ 1.25 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ 1.2 ലിറ്റര്‍ കെ12 പെട്രോള്‍ എന്‍ജിനും 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്‌നിസിന്റെ പ്രത്യേകതകളാണ്.

ഇഗ്‌നിസ് നെക്‌സ വഴി വില്‍ക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.

Top