ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 116ന് എറിഞ്ഞൊതുക്കി ഇന്ത്യ

വാണ്ടറേഴ്സ് : ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസെടുത്തു. 10 ഓവറിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷദീപ് സിങ്ങും എട്ട് ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ശേഷിച്ച വിക്കറ്റ് കുൽദീപ് യാദവും വീഴ്ത്തി. 33 റൺസെടുത്ത ആൻഡൈൽ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയിൽ ടോപ് സ്കോറർ. 28 റൺസെടുത്ത ടോണി ഡി റോർസിയും 12 റൺസെടുത്ത എയ്ഡൻ മാർക്രമുമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ സ്കോറർമാർ.

ബാറ്റിങ് പറുദീസയാകുമെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ തീ തുപ്പുന്നതാണ് കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങ് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ദക്ഷിണാഫ്രിക്ക ഞെട്ടി. മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഓപ്പണര്‍ ടോണി ഡി സോര്‍സിയും(28) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തതോടെ പതുക്കെ കരകയറിയെ ദക്ഷിണാഫ്രിക്ക 42ല്‍ എത്തിയെങ്കിലും സോര്‍സിയുടെ അമിതാവേശം വിനയായി.

അര്‍ഷ്ദീപിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സോര്‍സി വിക്കറ്റിന് പിന്നില്‍ രാഹുലിന്റെ കൈകകളിലെത്തി. ഹെന്റിച്ച് ക്ലാസന്‍ തുടക്കത്തിലെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അര്‍ഷ്ദീപിന്റെ പേസിന് മുന്നില്‍ മറുപടി ഇല്ലാതെ മടങ്ങി. അഞ്ച് റണ്‍സെടുത്ത ക്ലാസനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കി. പിന്നാലെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(12) ആവേശ് ഖാനും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക 52-5ലേക്ക് കൂപ്പുകുത്തി.

ഡേവിഡ് മില്ലറെ(2) വീഴ്ത്തിയ ആവേശ് ഖാന്‍ പിന്നാലെ വിയാന്‍ മുള്‍ഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. ടോസ് നേടിയ ആതിഥേയർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Top