India building secret nuke facility, says magazine

ന്യൂഡല്‍ഹി: ദക്ഷിണകര്‍ണാടകത്തില്‍ ഇന്ത്യ രഹസ്യ ആണവശാല പണിയുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാരികയായ ‘ഫോറിന്‍ പോളിസി’യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈനികേതര ആണവ ആവശ്യത്തിനും ആണവായുധങ്ങള്‍ നിര്‍മിക്കാനും നിലവിലുള്ളവയുടെ ക്ഷമത വര്‍ധിപ്പിക്കാനുമാണ് പുതിയ ആണവശാലയെന്നാണ് സൂചന.

ചല്ലകെരെയില്‍ 2012ന്റെ ആദ്യം ശാലയുടെ പണിതുടങ്ങി. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആണവോര്‍ജ നിര്‍മാണശാലയാണിത്. ആണവോര്‍ജ ഉത്പാദന യന്ത്രങ്ങള്‍, ആണവഗവേഷണ ലബോറട്ടറികള്‍, ആയുധനിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ ഈ സമുച്ചയത്തിലുണ്ടാകും.

ആണവഗവേഷണം വിപുലമാക്കുക, രാജ്യത്തെ ആണവറിയാക്ടറുകള്‍ക്കാവശ്യമായ ഇന്ധനമുണ്ടാക്കുക, പുതിയ മുങ്ങിക്കപ്പലുകളുടെ കരുത്തുകൂട്ടുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് വാരികയുടെ അഭിപ്രായം. എന്നാല്‍, പുതിയ ഹൈഡ്രജന്‍ ബോംബുകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വന്‍ശേഖരമുണ്ടാക്കുകയാണ് സുപ്രധാനലക്ഷ്യമെന്ന് ഇന്ത്യയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലണ്ടനിലെയും വാഷിങ്ടണിലെയും നിഷ്പക്ഷ വിദഗ്ധരെയും ഉദ്ധരിച്ച് വാരിക വ്യക്തമാക്കുന്നു.

1974ലാണ് ഇന്ത്യ ആണവശക്തിയായത്. അന്നുമുതലിതുവരെ രാജ്യത്തിന്റെ ആണവായുധങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നൂറ്റിപ്പത്തോളം ആണവായുധങ്ങള്‍ ഇന്ത്യക്കുണ്ടെന്നാണ് വിലയിരുത്തല്‍, പാകിസ്താന് 120ഉം. ചൈനയുടെ പക്കല്‍ 260 ആണവായുധങ്ങളുണ്ടെന്ന് കരുതുന്നു.

ഇന്ത്യയുടെ രഹസ്യപദ്ധതിയെ പാകിസ്താനും ചൈനയും പ്രകോപനമായിക്കാണും. സ്വന്തം ആണവശേഷി വര്‍ധിപ്പിച്ചാകും ഇവ പ്രതികരിക്കുക. ചൈനയ്‌ക്കെതിരായ പ്രതിരോധം എന്നനിലയിലാവും ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് 2009-2013 കാലത്ത് യു.എസ്സിന്റെ ആണവനിയന്ത്രണപദ്ധതിയുടെ കോഓര്‍ഡിനേറ്ററായിരുന്ന ഗാരി സമോറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Top