ശ്രീനഗര്‍: ഇന്ത്യ ഏകസ്വരത്തില്‍ സംസാരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കശ്മീര്‍ വിഘടനവാദി നേതാക്കള്‍. ഹുര്‍റിയത് നേതാവ് സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നിവരടങ്ങിയ സംയുക്ത പ്രതിരോധ നേതൃത്വം (ജെ.ആര്‍.എല്‍) ശ്രീനഗറില്‍ ഗീലാനിയുടെ വസതിയില്‍ കൂടിക്കാഴ്ചക്കുശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചശേഷം പല കോണുകളില്‍ നിന്ന് വിഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് ആശാവഹമല്ലെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ ഇക്കാര്യത്തില്‍ കേന്ദ്രം ആശയവ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
കശ്മീര്‍ വിഭജിക്കപ്പെട്ട പ്രദേശമാണെന്നും അതിന്റെ പകുതി പാക്കിസ്ഥാനിലാണെന്നും നേതാക്കള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഈ നാട്ടിലെ ജനങ്ങളുമാണ് ചര്‍ച്ചയിലെ കക്ഷികളാകേണ്ടത്. ഇവരില്‍ ആരെങ്കിലും വിട്ടുനിന്നാല്‍ ചര്‍ച്ച വിഫലമാകും. എന്താണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് കേന്ദ്രം വ്യക്തമാക്കണം. ഒരേ സ്വരത്തില്‍ സംസാരിക്കുകയും വേണം. അങ്ങനെയാണെങ്കില്‍ അതില്‍ പങ്കാളിയാകാന്‍ തങ്ങളും തയാറാണെന്നാണ് നേതാക്കളുടെ പ്രസ്താവന.
പാക്കിസ്ഥാനുമായും ചര്‍ച്ചക്ക് തയ്യാറെന്ന് രാജ്‌നാഥ് സിങ് പറയുമ്പോള്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കി
സ്ഥാനുമായി ചര്‍ച്ചക്കുള്ളൂ എന്നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിലപാട്. വെടിനിര്‍ത്തല്‍ തീവ്രവാദികള്‍ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. അതേസമയം, തീവ്രവാദികള്‍ക്ക് മടങ്ങിപ്പോകാനാണ് വെടിനിര്‍ത്തലെന്ന് സംസ്ഥാന പൊലീസ് മേധാവി എസ്.പി. വെയ്ദും പറയുന്നു. ഈ രീതിയിലെ പരസ്പര വിരുദ്ധ പ്രസ്താവനകള്‍ തുറന്ന ചര്‍ച്ചക്ക് തടസ്സമാണെന്ന് ജെ.ആര്‍.എല്‍ ചൂണ്ടിക്കാട്ടി.
.