ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് മോദി ഇപ്രകാരം പറഞ്ഞത്.
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യുവരിച്ചത്.
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.
ലഡാക്കിലെ ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴച സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.