വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ കാര്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി.
ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ തെക്കന്‍ ഏഷ്യയുടെ പുതിയ നയത്തിലെ കേന്ദ്ര ബിന്ദുക്കളെന്നും നിക്കി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക വികസനത്തിലും, അഫ്ഗാന്റെ സ്ഥിരതയ്ക്കു വേണ്ടി ഇന്ത്യ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പാകിസ്ഥാന്റെ കാര്യത്തിലും അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്കാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയായ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, ആണവായുധങ്ങള്‍ ഭീകരരുടെ കൈയിലെത്തുന്നതും തടയുകയും ചെയ്യണം എന്നതാണ് യു.എസിന്റെ പ്രഥമ പരിഗണന.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി അമേരിക്ക മറ്റു രാജ്യങ്ങളുമായുള്ള സൈനിക-സാമ്പത്തിക ശക്തികള്‍ പ്രയോജനപ്പെടുത്തും. ഇതില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക-സുരക്ഷാ പങ്കാളിത്തവും ഉള്‍പ്പെടുമെന്നും നിക്കി ഹാലി വ്യക്തമാക്കി.
പാക്കിസ്ഥാന്റെ ഭീകരര്‍ക്ക് അഭയം നല്‍കുന്ന നടപടിക്കെതിരെ ട്രംപ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്‍ അമേരിക്കയുടെ പങ്കാളി തന്നെയാണ്. അത് തങ്ങള്‍ മാനിക്കുന്നു. എന്നാല്‍, സ്വന്തം മണ്ണില്‍ നിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെ ഭീകര പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് പാക്കിസ്ഥാന്‍ മനസിലാക്കണമെന്നും നിക്കി അറിയിച്ചു.