ഇന്ത്യ എന്നത് ഇന്ന് പഴയ ഇന്ത്യയല്ല രൂപത്തിലും ഭാവത്തിലും ഉൾപ്പെടെ സകല മേഖലകളിലും കരുത്തുറ്റ രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞു. ശാസ്ത്ര – സാങ്കേതിക മേഖലയിലും ഇന്ത്യൻ മികവിനെ ലോകം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ശക്തമായി എതിർക്കുന്നവർ പോലും ഇന്ന് രാജ്യം ആർജിച്ച കരുത്തിന് പിന്നിൽ മോദി സർക്കാറിന്റെ പങ്കിനെ ഒരിക്കലും നിസാരമായി കാണുകയില്ല. അടിമുടി അഴിമതിയിൽ മുങ്ങിയ യു.പി.എ സർക്കാറിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. അഴിമതിയുടെ പേരിൽ ഒരു മന്ത്രിക്ക് പോലും പത്തുവർഷം പൂർത്തിയാക്കാൻ പോകുന്ന മോദി ഭരണത്തിൻ കീഴിൽ രാജിവയ്ക്കേണ്ടി വന്നിട്ടില്ല.
എന്നാൽ, മൻമോഹൻ സിംങ്ങിന്റെ ഭരണകാലത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് കേന്ദ്രമന്ത്രിമാർ തന്നെയാണ് കൊള്ളക്ക് നേതൃത്വം നൽകിയിരുന്നത്. പ്രതിരോധ രംഗത്തും ഇന്ത്യ ഏറെ ദുർബലമായ കാലഘട്ടമായിരുന്നു അത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സൈനിക കരുത്തിലും രാജ്യം ഏറെ മുന്നേറി കഴിഞ്ഞു. രാജ്യത്തിന് പുറത്തും ഇന്ത്യയുടെ കരുത്താണ് വർദ്ധിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ കയറി മിന്നൽ ആക്രമണം നടത്തുന്നതിൽ വരെയാണ് പിന്നീട് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇന്ന് വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരും തല ഉയർത്തി തന്നെയാണ് ജീവിക്കുന്നത്. ഇക്കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാൻ കാരണം കാനഡ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാൻ ഇടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിനു വേണ്ടിയാണ്.
ഇന്ത്യയുടെ ശത്രുക്കൾ ഇന്ത്യയ്ക്ക് പുറത്ത് ഒളിച്ചിരുന്നാലും തേടിപ്പിടിച്ച് വകവരുത്തുന്ന കിടിലൻ ഓപ്പറേഷനാണ് ഇപ്പോൾ നടന്നു വരുന്നത്. അതിന്റെ പ്രതികരണമാണ് കാനഡ സർക്കാർ ഇന്ത്യൻ നയതന്ത്ര ഉദ്യാഗസ്ഥനെ പുറത്താക്കിയതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇതിനു തിരിച്ചടിയായ ഇന്ത്യയിലെ കാനഡ പ്രതിനിധിയെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. “ഇന്ത്യയോട് കളിച്ചാൽ…കളി പഠിപ്പിക്കുമെന്ന” മുന്നറിയിപ്പു കൂടിയാണിത്. കശ്മീർ ഭീകരരെ വധിച്ച മോഡലിൽ ഖലിസ്ഥാൻ ഭീകരരെയും ഒന്നൊന്നായാണ് ഇപ്പോൾ വകവരുത്തി കൊണ്ടിരിക്കുന്നത്.
ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫായ പരംജിത് സിങ് പഞ്ച്‌വാർ ലഹോറിൽ കഴിഞ്ഞ മേയ് 7നാണ് വെടിയേറ്റു മരിച്ചിരുന്നത്. ബ്രിട്ടണിൽ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ച അവതാർ സിങ് ഖണ്ഡയാകട്ടെ ലണ്ടൻ ആശുപത്രിയിൽ വച്ചാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നത്. ഒടുവിൽ 2023ജൂൺ 20ന് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് നിജ്ജാർ കാനഡയിലെ സറിയിൽ ഗുരുദ്വാരയ്ക്കു മുന്നിലും വെടിയേറ്റു കൊല്ലപ്പെടുകയുണ്ടായി. ഭീകരനാണെന്നു പ്രഖ്യാപിച്ച് എൻഐഎ തലയ്ക്കു 10 ലക്ഷം രൂപയായിരുന്നു ഹർദീപിന് വിലയിട്ടിരുന്നത്.
ഈ സംഭവം കാനഡയിൽ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരുന്നത്. തുടർന്നാണ് കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്നു ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നത്. ഇതിന് ഇന്ത്യയും ചുട്ട മറുപടി നൽകിയതോടെ ഇന്ത്യ – കാനഡ ബന്ധം വഷളായിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്കെതിരായ കാനഡയുടെ നീക്കത്തിന് അമേരിക്കയുടെയും ബ്രിട്ടന്റെയും പോലും പിന്തുണ ലഭിക്കാൻ സാധ്യതയില്ല. കാരണം ഇന്ത്യ ചെയ്യുന്നതാണ് ശരിയെന്ന നിലപാടാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ഏജൻസികൾക്കുൾപ്പെടെ ഉള്ളത്.
അമേരിക്കയിൽ പ്രസിഡന്റ് തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്. അതിന്റെ പേരാണ് ”കിൽ ലിസ്റ്റ്”. അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ ഉണ്ടാവുക. അവരെ ഓരോരുത്തരെയായി തേടിപ്പിടിച്ച് സ്പെഷ്യൽ ഫോഴ്സ് വകവരുത്തും. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതും ഈ ലിസ്റ്റ് പ്രകാരമാണ്. വെടിവയ്ക്കുക വിഷം കലർത്തിയ ഇൻജക്‌ഷൻ കൊടുക്കുക മയക്കുമരുന്ന് ഓവർഡോസ് നൽകുക കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക തുടങ്ങി കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴി വരെയാകാം. ഘാതകർ നേരിട്ട് ചെയ്യുന്നതുമാകാം.
ഫ്രെഡറിക് ഫോർസിത്തിന്റെ നോവലായ ‘കിൽ ലിസ്റ്റിൽ’ ഈ രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 -ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കിയിരിക്കുന്നത്. പരസ്യമായി സമ്മതിച്ചിട്ടില്ലങ്കിലും വൈകിയാണെങ്കിലും ഇന്ത്യയും ഇതൊക്കെ ചെയ്തു തുടങ്ങിയിരിക്കുന്നു. മറ്റുരാജ്യങ്ങളിൽ അഭയം പ്രാപിച്ച് ഇന്ത്യക്കെതിരെ എന്തും ചെയ്യാമെന്ന രാജ്യദ്രോഹികളുടെ അഹന്തയ്ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. കശ്മീർ ഭീകരരിൽ നാലു പേർ അജ്ഞാതരുടെ വെടിയേറ്റാണ് പാക്കിസ്ഥാനിൽ മരിച്ചിരുന്നത്. 2023 ഫെബ്രുവരിയിൽ ഹിസ്ബുൽ ഭീകരനും കൊല്ലപ്പെട്ടു. 1999ൽ, ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്.
ഇക്കൊല്ലം തന്നെ ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാരും പഞ്ചാബിൽ വെടിയേറ്റു മരിക്കുകയുണ്ടായി. ഈ കൊലകളിലൊന്നും തന്നെ ആരാണ് ഘാതകരെന്ന് ആർക്കും തന്നെ അറിയില്ല. പ്രതികളെ ഇതുവരെ ഒരു രാജ്യവും പിടികൂടിയിട്ടുമില്ല. പ്രഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയതെന്നത് ഇതിൽ നിന്നു തന്നെ വ്യക്തം. കൃത്യം നടത്തിയാലുടൻ രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവരാണിവർ. ഇന്ത്യയുടെ വിദേശ ചാര ഏജൻസിയായ ‘റോയെ’ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംശയിക്കുമ്പോഴും ഒരു തെളിവ് പോലും നിരത്താൻ അവർക്ക് സാധിച്ചിട്ടില്ല.
കൊല്ലപ്പെട്ടവരെല്ലാം തന്നെ കൊല്ലപ്പെടേണ്ടവരാണെന്ന ബോധ്യം കാനഡക്കില്ലങ്കിലും അമേരിക്കയും റഷ്യയും ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടെയുള്ള ലോക ശക്തികൾക്ക് ശരിക്കുമുണ്ട്. അതു കൊണ്ടാണ് അവർ ഇക്കാര്യത്തിൽ തന്ത്രപരമായ മൗനം പാലിച്ചിരിക്കുന്നത്. ഇന്ത്യ പഴയ ഇന്ത്യയല്ലാത്തതു കൊണ്ട് കാനഡയുടെ എന്നല്ല ഒരു രാജ്യത്തിന്റെയും വിരട്ടലൊന്നും വിലപ്പോകാൻ പോകുന്നില്ല. രാജ്യ ദ്രോഹികൾ ഏത് രാജ്യത്ത് ഒളിച്ചാലും അത്തരക്കാർ ഇനിയും കൊല്ലപ്പെടാൻ തന്നെയാണ് സാധ്യത. അതാകട്ടെ വ്യക്തവുമാണ്…
EXPRESS KERALA VIEW