India cannot unilaterally separate itself from Indus Waters Treaty, will approach UN: Pakistan

ഇസ്ലാമബാദ്: സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്താന്‍.

പാകിസ്താന്‍ പാര്‍ലമെന്റില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര നിയമമനുസരിച്ച് ഇന്ത്യക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാനാവില്ല. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിരുന്നില്ലെന്നും സര്‍താജ് അസീസ് ഓര്‍മിപ്പിച്ചു.

കശ്മീര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് പാകിസ്താന്‍ 56 രാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താനെ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായാണ് സിന്ധുനദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയത്.

ഉറിയിലെ കരസേനാകേന്ദ്രത്തിനുനേരേനടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കാന്‍ പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് സിന്ധുനദീജല ഉടമ്പടി റദ്ദാക്കണമെന്ന ആവശ്യമുയര്‍ന്നത്.

എന്നാല്‍ ഉടമ്പടി റദ്ദാക്കാന്‍ പലകാരണങ്ങളാലും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ട്. നദീജല ഉടമ്പടി റദ്ദാക്കില്ല. പകരം ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍നിന്നുള്ള ജല ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കും.

സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ ഉപയോഗമാണ് വര്‍ദ്ധിപ്പിക്കുന്നത്. ജലസേചനത്തിനടക്കം ഈ നദികളിലെ ജലത്തെ കാര്യമായി ആശ്രയിക്കുന്ന പാകിസ്താനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

1960ല്‍ ലോകബാങ്ക് മുന്‍കൈയെടുത്താണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല ഉടമ്പടി ഉണ്ടാക്കിയത്. അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും പാകിസ്താനിലെ പട്ടാള ഭരണാധികാരിയായിരുന്നു ജനറല്‍ അയൂബ് ഖാനുമാണ് ഉടമ്പടിയില്‍ ഒപ്പിട്ടത്. ഉടമ്പടിപ്രകാരം ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം എന്നിവയുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.

Top