ശ്രീനഗര്‍: മുസ്ലീങ്ങളെ സംശയദൃഷ്ടിയോടെ കണ്ടാല്‍ ജമ്മു കാശ്മീര്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.
ഇന്ത്യയില്‍ ഒരു കൊടുങ്കാറ്റ് അടിച്ച് തുടങ്ങിയിരിയ്ക്കുകയാണ്. ഇതില്‍ ജാഗ്രത പാലിയ്ക്കാതെ ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി സംഘട്ടനം തുടര്‍ന്നാല്‍ ഇന്ത്യക്ക് കാശ്മീര്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
മുസ്ലീങ്ങളെ ചില പ്രബല ശക്തികള്‍ സംശയത്തോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടി യുദ്ധത്തില്‍ പോരാടിയും രക്തസാക്ഷിത്വം വരിച്ച മുസ്ലീങ്ങളെ മറക്കാന്‍ എങ്ങനെ ഇവര്‍ക്ക് കഴിയുന്നു?. മുസ്ലീങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സമീപനം അവസാനിപ്പിച്ചേ തീരൂവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
മുംബയ്, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളെ തടസപ്പെടുത്തരുത്. ഇന്ത്യയും പാകിസ്ഥാനും എക്കാലത്തും ശത്രുതയില്‍ തുടരണമെന്ന് ആഗ്രഹിയ്ക്കുന്ന ശക്തികള്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തിയേക്കാമെന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു. ജമ്മുകാശ്മീര്‍ ഇന്ത്യയ്ക്കും ആസാദ് കാശ്മീര്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന പാക് അധീന കാശ്മീര്‍ പാകിസ്ഥാനും അവകാശപ്പെട്ടതാണെന്ന് ഫാറൂഖ് അബ്ദുള്ള ആവര്‍ത്തിച്ചു. അതേ സമയം ജമ്മുകാശ്മീരിന്റെ കവര്‍ന്നെടുക്കപ്പെട്ട പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ ഉറപ്പ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.