ഗാംഗുലിയേയും ധോണിയേയും കടത്തിവെട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി

kohli

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍മാരായ സൗരവ് ഗാംഗുലിയേയും എം.എസ് ധോണിയേയും കടത്തിവെട്ടി നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഗാംഗുലിയും ധോണിയും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്‍മാരില്‍ രണ്ടു പേരാണ്. ഇവരുടെ പിന്‍ഗാമിയായ കൊഹ്‌ലി ഇരുവരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പുതിയയൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊഹ്‌ലി. നായകന്‍ എന്ന നിലക്ക് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കൊഹ്‌ലി സ്വന്തം പേരിലാക്കിയത്. 49 ഇന്നിങ്‌സുകള്‍ മാത്രമാണ് കൊഹ്‌ലിക്ക് ഈ നേട്ടം എത്തിപ്പിടിക്കാന്‍ വേണ്ടി വന്നത്.

70 ഇന്നിങ്‌സുകളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഗാംഗുലിക്ക് ഈ നേട്ടത്തിലേക്ക് എത്താന്‍ വേണ്ടി വന്നത് 74 ഇന്നിങ്‌സുകളായിരുന്നു.

60 ഇന്നിങ്‌സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 3000 റണ്‍സ് അടിച്ചെടുത്തത്. സ്മിത്തും മിസ്ബായും 83 ഇന്നിങ്‌സുകളും ജയസൂര്യയും പോണ്ടിങും 84 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 3000 റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ട്വന്റി 20 യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കഴിഞ്ഞ മാസം കൊഹ്‌ലി സ്വന്തമാക്കിയിരുന്നു.

കൊഹ്‌ലിക്കു മുന്‍പ് ഡിവില്ലിയേഴ്‌സിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

Top