ന്യൂഡല്‍ഹി : രാജ്യം ഇന്ന് അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലി രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കുകയാണ്.
യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി. ലഷ്‌കര്‍ ഇ തയ്ബ ഭീകരാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.
കരനാവിക വ്യോമസേനകള്‍ക്കൊപ്പം യുഎഇ സൈന്യവും ഇത്തവണ പരേഡില്‍ അണിനിരക്കും. ഇതാദ്യമായാണ് ഒരു അറബ് സൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൈനികശേഷി വിളിച്ചറിയിക്കുന്ന പരേഡില്‍ തേജസ് യുദ്ധവിമാനം അടക്കം നിരവധി ആയുധങ്ങളും പ്രദര്‍ശിപ്പിക്കും.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌ക്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഇത്തവണയുമില്ല. കേരളം നിര്‍ദേശിച്ച ആശയം കേന്ദ്രം തള്ളിയതിനെത്തുടര്‍ന്നാണിത്.
ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ 50, 000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചവരെ ദല്‍ഹിയില്‍ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഭീകരര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുമെന്ന സൂചനകളെ തുടര്‍ന്നാണിത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംകള്‍ നേര്‍ന്നു.
അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു.
യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തിയിരുന്നു.