അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റ ശ്രമം; ചെറുത്ത് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സിക്കിമിലെ നാകുലയില്‍ ഇരു രാജ്യങ്ങളിലെയും പട്ടാളക്കാര്‍ തമ്മില്‍ മൂന്ന ദിവസം മുന്‍പ് ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യം ചെറുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. സായുധമായ ഏറ്റുമുട്ടല്‍ ആയിരുന്നില്ല എന്നാണ് സൂചന.

ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാനും ചൈനീസ് സൈനികരെ തുരത്താനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം അറിയിച്ചു.

സംഘര്‍ഷ മേഖലകളില്‍ ഒന്നാണ് നാകുല. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലും സമാനമായ രീതിയില്‍ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 19,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല.

 

Top