ഇന്ത്യയ്ക്കും ചൈനയ്ക്കും നല്‍കുന്ന സാമ്പത്തിക ഇളവുകള്‍ നിര്‍ത്തലാക്കണമെന്ന് ട്രംപ്.

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും നല്‍കി വരുന്ന സാമ്പത്തിക ഇളവുകള്‍ നിര്‍ത്തലാക്കണമെന്ന് ട്രംപ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും, ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. വികസിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഇന്ത്യ തന്നെ പ്രഖ്യാപിക്കുമ്പോള്‍ സബ്സിഡികളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഡക്കോട്ടയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയായിരുന്നു ലോക വ്യാപാര സംഘടനയ്ക്കെതിരെ ട്രംപ് വിമര്‍ശനമുന്നയിച്ചത്.

ചൈന വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ അനുവദിച്ചത് ഡബ്ല്യു ടി ഒയുടെ നയങ്ങളാണെന്നും ട്രംപ് ആരോപിച്ചു. പക്വതയാര്‍ജ്ജിക്കാത്ത സമ്പദ്‌വ്യവസ്ഥയെന്ന് കണ്ട് ചില രാജ്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കാറുണ്ട്. ഇളവുകള്‍ ഉപയോഗിച്ച് അവര്‍ വലിയ സാമ്പത്തിക ശക്തികളാകുകയാണ്.

trump-1

ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് സമ്പന്നരാവുകയാണെന്നും, ഈ വിഢ്ഡിത്തം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ് പറഞ്ഞു. യു എസും വികസിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രമാണ്. പക്ഷേ, മറ്റാരെക്കാളും വേഗത്തിലാണെന്ന് മാത്രമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഡ ബ്ല്യു ടിഒയുടെ നിലപാട് കൊണ്ടാണ് ചൈന അതിവേഗം വളര്‍ച്ച നേടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

modi-trumph-ivanka

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ആരാധകനാണ് താന്‍ എന്നും, പക്ഷേ മര്യാദ പാലിക്കാന്‍ ചൈന തയ്യാറാവേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന താരിഫ് യുദ്ധത്തെ സൂചിപ്പിച്ചായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്നത് യുഎസ് മാത്രമാണ്. സൈനിക ശക്തിപോലും ആ രാഷ്ട്രങ്ങള്‍ വളരെ കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. യു എസ് പട്ടാളത്തെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് പണം ഈടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Top