ഗാല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ പരോക്ഷമായെങ്കിലും സമ്മതിച്ച് ചൈന

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമം.

കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റുകളില്‍ പറയുന്നു.

വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തത്. കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണെന്നും അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നുമാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്.

ഇന്ത്യയ്ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിങ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസിന്റെ ഈ ട്വീറ്റ്.

Top