ചൈനയുടെ ലഡാക്കിലേക്കുള്ള നുഴഞ്ഞുകയറ്റം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ; ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ചൈന ലഡാക്കിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് സൈനിക ഇന്റലിജന്‍സ് വിഭാഗം.

സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ഇന്ത്യയും ചൈനീസ് സേനയും തമ്മില്‍ തുടരുന്ന സംഘര്‍ഷവുമായി ഈ നുഴഞ്ഞുകയറ്റത്തിനു ബന്ധമുണ്ടെന്നും മുന്‍കൂട്ടി തയാറാക്കിയ പദ്ധതിക്കനുസരിച്ചാണ് ചൈനയുടെ കയ്യേറ്റമെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടി.

ചൈനീസ് സേനയും ഇന്ത്യന്‍ സേനയും പാന്‍ഗോങ് തടാകത്തിനു സമീപം നേര്‍ക്കുനേര്‍ എത്തുന്നത് അത്ര അസാധാരണമല്ലെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.

എന്നാല്‍ സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നത് ആദ്യമായിട്ടാണ്, ആയുധങ്ങളുടെ ഉപയോഗമില്ലാതെ സൈന്യത്തെ പ്രകോപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നങ്ങള്‍ വളര്‍ത്തുന്നതിനുമാണ് ചൈന ശ്രമിക്കുന്നതെന്നും അധികൃതര്‍ വിലയിരുത്തുന്നു.

ദോക് ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ലഡാക് മേഖലയിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ചൈന ശ്രമിച്ചത്. എന്നാല്‍ അവരുടെ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. രാവിലെ ആറ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.

ഫിംഗര്‍-4, ഫിംഗര്‍-5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. രണ്ടു തവണയും ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിച്ചതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.

Top