ഇന്ത്യ-ചൈന ചര്‍ച്ചകളില്‍ പരിഹാരമായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Rajnath Singh

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തയിലെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഒരുവിധത്തിലുമുള്ള അര്‍ഥപൂര്‍ണമായ പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ പറഞ്ഞു. വിഷയത്തില്‍ തല്‍സ്ഥിതി തുടരുകയാണ്. ഈ സാഹചര്യത്തില്‍ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാന്‍ സാധിക്കില്ലെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ സൈനിക-നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ മാസം ആദ്യവും ഓണ്‍ലൈന്‍ ആയി ചര്‍ച്ചകള്‍ നടന്നു. അടുത്ത ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടാകും’ മന്ത്രി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ സന്ദേശ വിനിമയം നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ഥം നമ്മുടെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നാം നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Top