ലഡാക്ക്: ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ സ്ഥിതി ശാന്തമാണെന്ന് ചൈനീസ് അംബാസഡർ സുൻ വെയ്ഡോങ് പറഞ്ഞ പശ്ചാത്തലത്തിലാണ് പൂർണമായി സാധാരണ നിലയിലായില്ലെന്നും ചില നടപടികൾകൂടി വേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കിയത്.
2020 മേയിലാണ് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായത്. ഇരു രാജ്യങ്ങളും വലിയ തോതിൽ സൈനികവിന്യാസം നടത്തിയത് ആശങ്കക്ക് ഇടയാക്കിയെങ്കിലും പിന്നീട് സൈനിക, നയതന്ത്ര ചർച്ചകളിലൂടെ സ്ഥിതി മാറുകയായിരുന്നു. കഴിഞ്ഞ വർഷമാണ് പാങ്ഗോങ്, ഗോഗ്ര മേഖലയിൽനിന്ന് സേനയെ പിൻവലിച്ചത്.
അതേസമയം തർക്കമേഖലയിൽനിന്ന് ഇന്ത്യ സേനയെ പിൻവലിച്ചെങ്കിലും ചൈനീസ് സൈനികസാന്നിധ്യം തുടരുന്നതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.